Today: 06 Dec 2022 GMT   Tell Your Friend
Advertisements
സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു അറ്റ്ലാന്റ അണിഞ്ഞൊരുങ്ങി
Photo #2 - America - Greetings - consmccatlantaf
അറ്റ്ലാന്റ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആറാമത് ദേശീയ കണ്‍വന്‍ഷനും കുടുംബകൂട്ടായ്മയും ജൂലൈ 26 മുതല്‍ 29 വരെ അറ്റ്ലാന്റയില്‍ നടക്കും. വടക്കെ അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചുകിടക്കുന്ന പതിനായിരക്കണക്കിന് സീറോ മലബാര്‍ വിശ്വാസികളുടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന വിലുപമായ സമ്മേളനത്തിന് അറ്റ്ലാന്റായിലെ വിശുദ്ധ അല്‍ഫോന്‍സാ ഇടവക ആതിഥ്യമരുളും.

ചരിത്രമുറങ്ങുന്ന അറ്റ്ലാന്റയില്‍ മറ്റൊരു മഹാസംഭവത്തിന് സാക്ഷിയാകുന്ന സീറോ മലബാര്‍ കണ്‍വന്‍ഷന് തിരശീല ഉയരുവാന്‍ ഇനിനാഴികകളും വിനാഴികകളും മാത്രം അവശേഷിക്കവേ രൂപത ഇടവക സാരഥികളും കണ്‍വന്‍ഷന്‍ കമ്മിറ്റികളും അണിയറയില്‍ അവസാന മിനുക്കുപണികളില്‍ വ്യാപൃതരാണ് ജോര്‍ജിയ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ അല്‍ഫോന്‍സ നഗരിയില്‍ ജൂലൈ 26, 27, 28, 29 തീയതികളില്‍ അരങ്ങേറുന്ന സീറോ മലബാര്‍ സംഗമത്തിന് ചാരുത പകരാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് നിരവധി വ്യക്തികളും ഇടവകകളും അഹോരാത്രം പണിയെടുക്കുന്നു.

സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെയും ഷിക്കാഗോ രൂപതയുടെയും ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവാകുവാന്‍ ഇടയുള്ള മഹാസംഗമത്തെ ആഗോള വിശ്വാസി സമൂഹം കൗതുകത്തോടെ ഉറ്റു നോക്കുന്ന കാഴ്ചയാണ് നമുക്കു കാണാന്‍ കഴിയുക.

ഗൃഹാതുരത്വം ഉണര്‍ത്തുന്ന മലയാള തനിമയെ തൊട്ടുണര്‍ത്തുംവിധം അല്‍ഫോന്‍സാനഗര്‍ എന്നു പേരിട്ടിരിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററില്‍ അതിവിപുലമായ സജീകരണങ്ങളും സന്നാഹങ്ങളും സജ്ജമായിക്കഴിഞ്ഞു. കേരള തനിമയെ വിളിച്ചോതുന്ന നാടന്‍ കലാപ്രകടനങ്ങളും, ആത്മീയ ചൈതന്യം തൊട്ടുണര്‍ത്തുന്ന വചന ശുശ്രൂഷകളും, സുവിശേഷ പ്രഘോഷണങ്ങളും അരങ്ങേറുവാന്‍ വിവിധ വേദികള്‍ തയാറായിക്കഴിഞ്ഞു. കണ്‍വന്‍ഷന്റെ ഒരുക്കങ്ങളും അണിയറയിലും അരങ്ങത്തും ഇപ്പൊഴും തകൃതിയായി നടക്കും.

ഗ്രാമീണ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രകൃതിരമണീയമായ കോളജ് പാര്‍ക്കില്‍ പതിനായിരക്കണക്കിന് ചതുരശ്ര അടി വിസ്തീര്‍ണത്തില്‍, അറ്റ്ലാന്റാ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് അത്യാധുനിക സൗകര്യങ്ങളൊടെ പണിതീര്‍ത്തിട്ടുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ പ്രകൃതിയുടെ മനോഹാരിതയും ആധുനിക സാങ്കേതിക വിദ്യകളും ഒത്തുചേരുന്ന ലോകനിലവാരത്തിലുള്ള ഒരു സമ്മേളനവേദിയാണ്.

അതിഥികള്‍ക്കു താമസിക്കുവാന്‍ 600 ല്‍ പരം മുറികളും, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും, ഭക്ഷണശാലകളും, നീന്തല്‍ കുളങ്ങളും, മറ്റനവധി സൗകര്യങ്ങളുമുള്ള ഉന്നതനിലവാരം പുലര്‍ത്തുന്ന മാരിയറ്റ് സ്പ്രിംഗ് ഹില്‍സ് എന്നീ ഹോട്ടലുകളിലായി കണ്‍വന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന് താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍കിംഗിന്റെ ജന്മനാടും, കൊക്കകോള, സിഎന്‍എന്‍, ഹോ ഡിപ്പൊ, ഡല്‍റ്റാ എയര്‍ ലൈന്‍സ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനവും, 1996 ലെ ഒളിംമ്പിക്സിന്റെ ആതിഥേയത്വവും കൊണ്ട് ലോകപ്രശസ്തമായ, അനുദിനം വളരുന്ന അറ്റ്ലാന്റാ നഗരവും ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്രാ വിമാനത്താളവും കണ്‍വന്‍ഷന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.

ജൂലൈ 26ന് ഉച്ചതിരിഞ്ഞ് കേരളത്തിന്റെ തനതു കലാരൂപങ്ങളും, താലപ്പൊലിയും താളമേളങ്ങളും പഞ്ചവാദ്യങ്ങളും അകമ്പടിയായി വിവിധ ഇടവകകളുടെ കൊടിക്കീഴില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന സാംസ്കാരിക ഘോഷയാത്ര അല്‍ഫോണ്‍സാ നഗരിയുടെ മുഖ്യവേദിയില്‍ എത്തിച്ചേരുന്നതോടെ ഉദ്ഘാടന സമ്മേളത്തിനു തിരശീല ഉയരുകയായി.

സീറോ മലബാര്‍ വിശ്വാസവും പാരമ്പര്യങ്ങളും വിളിച്ചോതുംവിധം അമേരിക്കയിലെയും കേരളത്തിലെയും മത, സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി മഹത് വ്യക്തികള്‍ പങ്കെടുക്കുന്ന പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തിരശീല വീഴുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ ഇളം തലമുറയിലെ പ്രതിഭകള്‍ അണിനിരക്കുന്ന കലാപ്രകടനങ്ങള്‍ക്ക് വേദി കൈമാറുകയായി. കണ്ണിനും കാതിനും കൗതുകം പകരുന്ന നൃത്ത നൃത്ത്യങ്ങളും സ്വരലയങ്ങള്‍ സമന്വയിക്കുന്ന സംഗീത സാന്ദ്രതയുടെ അനര്‍ഘ നിമിഷങ്ങളും കുളിര്‍മഴയായി പെയ്തിറങ്ങി അരങ്ങു തകര്‍ക്കുമ്പോള്‍ അണിയറയില്‍ വിവിധ സംഗമങ്ങള്‍ക്ക് വേദി തുറക്കുകയായി. ആസ്വാദകര്‍ക്ക് അഭിരുചിക്കനുസരിച്ച് പങ്കെടുക്കാവുന്ന വിധത്തില്‍ സംഗമവേദികള്‍ ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. ആധ്യാത്മിക ഉണര്‍വു നല്‍കുന്ന മതബോധന സെമിനാറുകളും, ഭക്തിസാന്ദ്രമായ വചന ശുശ്രൂഷകളും സുവിശേഷ പ്രഘോഷണങ്ങളും കണ്‍വന്‍ഷന്റെ ഭാഗമായിരിക്കും. സെമിനാറുകള്‍, ചര്‍ച്ചാക്ളാസുകള്‍, സാമൂഹിക സാംസ്ക്കാരിക സമ്മേളനങ്ങള്‍ക്ക് കുടുംബ സംഗമങ്ങള്‍ എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി സംഘടിപ്പിക്കും. പ്രൊഫഷണല്‍ സംഘടനകള്‍ക്കും പൂര്‍വ്വവിദ്യാര്‍ഥി സംഘടനകള്‍ക്കും ഒത്തുചേരുവാന്‍ അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരില്‍, അറ്റ്ലാന്റ രൂപത ബിഷപ്പ് മാര്‍ ലൂയീസ് സറാമ്മ, ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസ് പൊരുന്നെടം മാര്‍ ചാക്കോ തൊട്ടുമാരിക്കല്‍, മാര്‍ ജേക്കബ് തുങ്കുഴി, മറ്റു മതമേലദ്ധ്യക്ഷന്‍മാര്‍ മെത്രാന്‍മാര്‍ വൈദികര്‍ സന്യാസിനികള്‍, അല്‍മായ പ്രമുഖര്‍, കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം കണ്‍വെന്‍ഷന്‍ കൂടുതല്‍ ആകര്‍ഷകമാകും.

ഉന്നതനിലവാര പുലര്‍ത്തുന്ന പ്രോഗ്രാമുകളും സാധാരണക്കാര്‍ക്കും വന്നു സംബന്ധിക്കാനാവും വിധമുള്ള ആകര്‍ഷകങ്ങളായ രജിസ്ട്രേഷന്‍ പാക്കേജുകള്‍ കണ്‍വന്‍ഷനില്‍ പ്രത്യേകതയായിരിക്കും. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലുമായി വ്യാപിച്ചു കിടക്കുന്ന വിശ്വാസ സമൂഹത്തിന് പരസ്പരം അറിയുവാനും, സൗഹൃദങ്ങള്‍ പുതുക്കുവാനും പുതിയ സൗഹൃദങ്ങള്‍ ആരംഭിക്കുവാനും കണ്‍വന്‍ഷന്‍ വേദി പ്രയോജനകരമാകും.

കണ്‍വന്‍ഷന്റെ രണ്ടാം ദിവസം വിവിധ ഇടവകകളില്‍ നിന്നുമുള്ള യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും കലാപ്രകടനങ്ങളും തുടര്‍ന്ന് പ്രസിദ്ധ അമേരിക്കന്‍ ഗായകസംഘം മാറ്റ് മഹര്‍ ടീം അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികള്‍ നടക്കും.

മൂന്നാം ദിവസം സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് ഏറ്റവും ശ്രദ്ധേയമായ ബാങ്ക്വറ്റും തുടര്‍ന്ന് ആസ്വാദക മനസുകളില്‍ അവാച്യമായ അനുഭൂതി പകര്‍ന്ന് സദസിനെ പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനങ്ങളുമായി റിമിടോമി, വിവേകാനന്ദന്‍, പ്രദീപ് ബാബു ടീം നയിക്കുന്ന സംഗീത നിശയും ഒരുക്കിയിട്ടുണ്ട്.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് നാലു ദിവസങ്ങളിലും നാടന്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്‍വന്‍ഷന്റെ സമാപനദിവസമായ ഞായര്‍ രാവിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങളും തുടര്‍ന്ന് ഭക്തിസാന്ദ്രമായ പ്രദക്ഷിണവും നടക്കും.

എന്നും മനസില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന കുളിര്‍മയുള്ള അനുഭവങ്ങളും അനുഭൂതികളും പങ്കുവച്ച് ഈ അവധിക്കാലം ആസ്വാദ്യകരമാക്കുവാന്‍, വിശ്വാസി സമൂഹത്തിന്റെ ഈ സൗഹൃദ വേദിയിലേക്ക് അല്‍ഫോന്‍സാ നഗരിയിലേക്ക് ഏവര്‍ക്കും, സവിനയം, സഹര്‍ഷം, സസന്തോഷം സ്വാഗതം.

- dated 24 Jul 2012


Comments:
Keywords: America - Greetings - consmccatlantaf America - Greetings - consmccatlantaf,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us