യൂറോപ്പില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞതും, ഒപ്പം ചൈനയില്‍ പെട്രോള്‍ ~ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുത്തനെ കുറഞ്ഞതും ജര്‍മന്‍ വാഹന നിര്‍മാതാക്കളെ രൂക്ഷമായി ബാധിച്ചു. പുതിയ വര്‍ഷത്തിലും മാന്ദ്യത്തില്‍ തുടരുന്ന രാജ്യത്തെ കരകയറ്റാന്‍ ഓട്ടോമൊബൈല്‍ മേഖല വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമായിരിക്കുന്നു.
വാഹന നിര്‍മാണത്തിലെ പ്രതിസന്ധി മറ്റു പല മേഖലകളെയും നേരിട്ട് ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, ചിപ്പുകള്‍ പോലെ, വാഹനങ്ങള്‍ക്ക് ആവശ്യമായ ചെറുഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനങ്ങള്‍.
സ്വാഭാവികമായും, വാഹന നിര്‍മാണവുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലയും പ്രതിസന്ധിയില്‍ തന്നെ. യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന്‍ വരും വര്‍ഷങ്ങളില്‍ ഘട്ടം ഘട്ടമായി പതിനായിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനുള്ള പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സബ്സിഡി പെട്ടെന്ന് എടുത്തു കളഞ്ഞ സര്‍ക്കാര്‍ നടപടിയാണ് മേഖലയെ പ്രതിസന്ധിയിലേക്കു നയിക്കാന്‍ ഒരു പ്രധാന കാരണമെന്ന് പല വാഹന നിര്‍മാതാക്കളും ആരോപിക്കുന്നു. ഒപ്പം, ഇലക്ട്രിക് മേഖലയില്‍ മുന്‍പ് യുഎസില്‍നിന്നുള്ള ടെസ്ളയെ മാത്രം നേരിട്ടാന്‍ മതിയായിരുന്നു. ഇപ്പോള്‍ ചൈനയില്‍ നിന്ന് നിരവധി ഇലക്ട്രിക് കാര്‍ ബ്രാന്‍ഡുകളാണ് പുറത്തിറങ്ങുന്നത്.
പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വലിയ ഭാവിയില്ലെന്ന കാര്യം നേരത്തെ തന്നെ മനസിലാക്കിയാണ് ജര്‍മനിയിലെ പല പ്രമുഖ വാഹന നിര്‍മാണ കമ്പനികളും ഇലക്ട്രിക് മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയത്. എന്നാല്‍, ഇതിനു മതിയായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കാത്ത അവസ്ഥയാണ് അവരില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. ചൈനയില്‍ നിന്ന് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറങ്ങുന്നതു കാരണം അവിടേക്കുള്ള കയറ്റുമതിക്ക് സാധ്യതയില്ല. എന്നുമാത്രമല്ല, ചൈന അവരുടെ കാറുകള്‍ മറ്റു പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്. ഒപ്പം, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ചൈനയില്‍ ഡിമാന്‍ഡ് കുത്തനെ ഇടിയുകയും ചെയ്യുന്നു.
ചൈന നടത്തിയ അദ്ഭുതകരമായ സാങ്കേതിക മുന്നേറ്റവും, പുതിയ വിപണികള്‍ കീഴടക്കാനുള്ള പരിശ്രമവും ഫലം കാണുമ്പോള്‍ തളരുന്നത് ഈ മേഖലയിലെ ഒന്നാം സ്ഥാനക്കാരായിരുന്ന ജര്‍മന്‍ കാര്‍ നിര്‍മാതാക്കളാണ്. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിലും ജര്‍മനിയുടെ സാധ്യതകള്‍ മങ്ങുകയാണ്. ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നുമുള്ള കൂടുതല്‍ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കുറഞ്ഞ വിലയ്ക്ക് എത്തുന്നതാണ് കാരണം.
ഇതിന്റെയൊക്കെ ഫലമായി 2019 മുതല്‍ 2023 വരെ ജര്‍മന്‍ വാഹന നിര്‍മാണ മേഖലയില്‍ 46,000 തൊഴിലാളികള്‍ക്കാണ് ജോലി പോയത്. 2035 ആകുന്നതോടെ ഒന്നര ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും കണക്കാക്കുന്നു.

Comments: