ആധുനിക കാലഘട്ടത്തില്‍ ഒരിക്കലും ആഫ്രിക്കയില്നിന്നൊരാള് കത്തോലിക്കാ സഭയെ നയിച്ചിട്ടില്ല. എന്നാല്‍, വര്‍ത്തമാനകാലത്ത് കത്തോലിക്കാ സഭ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭൂഭാഗം ആഫ്രിക്കയാണു താനും. അതുകൊണ്ടു തന്നെ ആഫ്രിക്കയില്നിന്നൊരാള് സഭയെ നയിക്കണം എന്ന ആവശ്യത്തിന് സമീപ വര്‍ഷങ്ങളില്‍ ശക്തിയേറിയിട്ടുണ്ട്.
എഴുതപ്പെട്ട ചരിത്രത്തില്‍ മൂന്നു പേര് മാത്രമാണ് ഇതുവരെ ആഫ്രിക്കയില്‍നിന്ന് മാര്പാപ്പയായിട്ടുള്ളത്. എല്ലാം 1500 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ആഫ്രിക്കയില്‍ നിന്ന് ഇപ്പോള്‍ 18 കര്‍ദിനാള്‍മാരുണ്ട്. സാങ്കേതികമായി, ഏതു കര്‍ദിനാളും മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടാം. എങ്കിലും കൂട്ടത്തില്‍ രണ്ടു പേര്‍ക്കാണ് കൂടുതല്‍ സാധ്യത. അതിലൊരാള്‍ ഘാനയില്‍നിന്നുള്ള പീറ്റര്‍ ടര്‍ക്സണ്‍ ആണ്. രണ്ടാമത്തെയാള്‍ കോംഗോയില്‍നിന്നുള്ള ഫ്രിഡോലിന്‍ അംബോംഗോ.
ദീര്‍ഘകാലം കേപ് കോസ്റ്റ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ 2009 മുതല്‍ വത്തിക്കാനിലാണ് പ്രവര്‍ത്തിക്കുന്നത്. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റാണിപ്പോള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ഫ്രാന്‍സിസ് ഒന്നാമനെ സ്നേഹിച്ചിരുന്ന പലരും കര്‍ദിനാള്‍ ടര്ക്സണില് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കാണുന്നു.
കോംഗോയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങങിലൂടെ ആഗോള ശ്രദ്ധയാകര്‍ഷിച്ച കര്‍ദിനാളാണ് ഫ്രിഡോലിന്‍ അംബോംഗോ ബെസുംഗു. അഞ്ച് കോടിയോളം അംഗങ്ങളാണ് സഭയ്ക്ക് കോംഗോയിലുള്ളത്. കര്‍ദിനാള്‍ ഉപദേശക സമിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സമയത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശ്വസ്തനായിരുന്നു കര്‍ദിനാള്‍ ഫ്രിഡോലിന്‍ അംബോംഗോ. അതേസമയം, ഫ്രാന്‍സിസ് ഒന്നാമനെ പോലെ സ്ത്രീ സമത്വത്തിനു വേണ്ടി വാദിച്ചിരുന്നെങ്കിലും, സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിക്കണമെന്ന മാര്‍പാപ്പയുടെ നിലപാടിന് എതിരായിരുന്നു കര്‍ദിനാള്‍ അംബോംഗോ.

Comments: