ഗ്രീപ്പ് തുറമുഖമായ പൈറേയസില്‍ നിന്നാണ് പാരീസിലേക്കുള്ള യാത്രയുടെ അവസാനഘട്ടത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏഥന്‍സില്‍ നടത്തിയ ചടങ്ങില്‍ പാരീസ് ഒളിമ്പിക്സിന്റെ സംഘാടകര്‍ക്ക് ദീപശിഖ ഔദ്യോഗികമായി കൈമാറിയിരുന്നു. ജൂലൈ 26ന് ഒളിമ്പിക്സിനു തുടക്കം കുറിക്കും.
കടലിലൂടെ പതിനൊന്ന് ദിവസം യാത്ര ചെയ്താണ് ഫ്രാന്‍സിലെ മാഴ്സെയിലില്‍ ദീപശിഖ എത്തിച്ചേരുക. പുരാതന ഒളിമ്പിക്സിന്റെ കാലം മുതല്‍ പ്രചാരത്തിലുള്ള ദീപശിഖയുടെ ആചാരം 1936ല്‍ നടത്തിയ ബര്‍ലിന്‍ ഗെയിംസില്‍ വച്ചാണ് ആധുനിക ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയത്.
മേയ് എട്ടിന് മാഴ്സെയിലില്‍ എത്തിച്ചേരുന്ന ദീപശിഖയെ സ്വീകരിക്കാന്‍ ഒന്നര ലക്ഷം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്ന് കായികതാരങ്ങളാണ് ദീപശിഖാ പ്രയാണം തുടരുക. ആദ്യം വെലോഡ്രോം സ്റ്റേഡിയത്തിലേക്കും അവിടെനിന്ന് 12,000 കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് പതിനായിരം പേര്‍ ചേര്‍ന്ന് 64 ഫ്രഞ്ച് ടെറിട്ടറികളിലും ദീപശിഖ എത്തിക്കും. കരീബിയന്‍, ഇന്ത്യന്‍ ഓഷന്‍, പസഫിക് ഓഷന്‍ എന്നിവിടങ്ങളിലുള്ള വിദേശ ടെറിട്ടറികളും ഇതില്‍ ഉള്‍പ്പെടും.
ജൂലൈ 26ന് ഒളിമ്പിക് ഉദ്ഘാടന ദിവസം പാരീസിലാണ് ഈ ദീപശിഖാ പ്രയാണം പൂര്‍ത്തിയാകുക. അന്ന് സീന്‍ നദിയിലൂടെ ഈഫല്‍ ടവറിലേക്ക് ദീപശിഖയെ അകമ്പടി സേവിക്കാന്‍ 160 ബോട്ടുകളിലായി ലോകമെങ്ങും നിന്നുള്ള കായികതാരങ്ങളുണ്ടാകും.

Comments: