മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സ്ളൊവാക്യന്‍ പ്രതിരോധത്തെ മറികടക്കാന്‍, നിരന്തരം അവസരങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന ബെല്‍ജിയന്‍ മുന്നേറ്റനിരയ്ക്കു സാധിച്ചതുമില്ല. രണ്ടു ഗോളുകള്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ട ബെല്‍ജിയത്തിന് റൊമേലു ലുക്കാക്കുവിന്റെ പിഴവുകളും വിനയായി.
മൂന്നാം മിനിറ്റില്‍ തന്നെ മുന്നിലെത്താന്‍ ലഭിച്ച അവസരം റൊമേലു ലുക്കാക്കു നഷ്ടപ്പെടുത്തുന്നതു കണ്ടാണ് മത്സരം ആരംഭിച്ചത്. വലതു വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ഡോക്കു നല്‍കിയ പന്ത് കെവിന്‍ ഡിബ്രുയ്ന്‍, ലുക്കാക്കുവിന് മറിച്ച് നല്‍കുന്നു. പോസ്ററിന് തൊട്ടുമുന്നില്‍ ലഭിച്ച പന്ത് പക്ഷേ ലുക്കാക്കു അടിച്ചത് സ്ളൊവാക്യന്‍ ഗോളി മാര്‍ട്ടിന്‍ ഡുബ്രാവ്ക്കയ്ക്കു നേരേ.
ഏഴാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ജെറെമി ഡോക്കുവിന്റെ മിസ് പാസ് നേരേ ചെന്നത് ഇവാന്‍ ഷ്രാന്‍സിലേക്ക്. താരം നല്‍കിയ പന്തില്‍ നിന്നുള്ള റോബെര്‍ട്ട് ബോസെനിക്കിന്റെ ഷോട്ട് ബെല്‍ജിയന്‍ ഗോളി കോവെന്‍ കാസ്ററീല്‍സ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് കിട്ടിയത് ഷ്രാന്‍സിന്റെ കാലില്‍. ഇത്തവണ കാസ്ററീല്‍സിന് യാതൊരു അവസരവും നല്‍കാതെ ഷ്രാന്‍സ് പന്ത് വലയിലാക്കി.
ഗോള്‍ വഴങ്ങിയിട്ടും അവസരങ്ങള്‍ തുലയ്ക്കുന്നത് തുടരുകയായിരുന്നു ബെല്‍ജിയം. ഡിബ്രുയ്ന്‍ നല്‍കിയ പന്തില്‍ നിന്ന് 36~ാം മിനിറ്റില്‍ ലഭിച്ച അവസരം മുതലാക്കാന്‍ ഒനാനയ്ക്കും സാധിച്ചില്ല. 42~ാം മിനിറ്റില്‍ മറ്റൊരു സുവര്‍ണാവസരവും ലുക്കാക്കു തുലച്ചു. യാന്നിക് കരാസ്കോ നല്‍കിയ പന്തിനെ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ വരുതിയിലാക്കാന്‍ ലുക്കാക്കുവിന് സാധിക്കാതെ പോയതോടെ പന്ത് പുറത്തേക്ക്.
രണ്ടാം പകുതിയില്‍ ബെല്‍ജിയം ആക്രമണം കടുപ്പിച്ചു. 56~ാം മിനിറ്റില്‍ ലുക്കാക്കു പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധിച്ച റഫറി താരം ഓഫ്സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു. 63~ാം മിനിറ്റില്‍ ഒരു ഗോള്‍ലൈന്‍ സേവിലൂടെ ഡേവിഡ് ഹാന്‍കോ സ്ളൊവാക്യയുടെ രക്ഷയ്ക്കെത്തി. കളി അവസാനിക്കാന്‍ നാലു മിനിറ്റുള്ളപ്പോള്‍ ലൂയിസ് ഒപെന്‍ഡയുടെ പാസില്‍ നിന്ന് ലുക്കാക്കു വലകുലുക്കിയെങ്കിലും ഇതും വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടു. ഡിബാസ്ററ് നല്‍കിയ ലോങ് ബോളുമായി മുന്നേറുന്നതിനിടെ ഒപെന്‍ഡയുടെ കൈയില്‍ പന്തു തട്ടിയതായി തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

Comments: