ബര്‍ലിന്‍: ഫ്രാന്‍സും പോര്‍ച്ചുഗലും തമ്മിലുള്ള യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം തലമുറകളുടെ സൂപ്പര്‍ താരങ്ങള്‍ മുഖാമുഖം വന്ന മത്സരം കൂടിയായി ~ ക്രിസ്ററ്യാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പെയും.
മുപ്പത്തൊമ്പതുകാരനായ ക്രിസ്ററ്യാനോ ഇപ്പോള്‍ ഇരുപത്തഞ്ച് വയസായ എംബാപ്പെയുടെ കൗമാരകാല വീരനായകനാണ്. ക്രിസ്ററ്യാനോയുടെ കളി കണ്ടു വളര്‍ന്ന എംബാപ്പെയുടെ കരുത്തും വേഗവും ക്രിസ്ററ്യാനോയെ ഓര്‍മിപ്പിക്കുന്നതുമാണ്.
എന്നാല്‍, ഇത്തവണത്തെ യൂറോ കപ്പ് ഇരുതാരങ്ങള്‍ക്കും വ്യക്തിപരമായി നിരാശയാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോടു തോറ്റ് പോര്‍ച്ചുഗല്‍ പുറത്താകുമ്പോള്‍, ക്രിസ്റ്റ്യാനോ ഗോളില്ലാതെയാണ് തന്റെ അവസാന യൂറോ കപ്പ് ടൂര്‍ണമെന്റ് അവസാനിപ്പിക്കുന്നത്. പെനല്‍റ്റി ഷൂട്ടൗട്ടുകളില്‍ മാത്രമാണ് അദ്ദേഹത്തിനു സ്കോര്‍ ചെയ്യാനായിട്ടുള്ളത്, രണ്ടു വട്ടം.
എംബാപ്പെയും ടൂര്‍ണമെന്റില്‍ ഇതുവരെ ഗോളടിച്ചിട്ടില്ല. പോര്‍ച്ചുഗലിനെതിരായ ഷൂട്ടൗട്ടില്‍ മാത്രം സ്കോര്‍ ചെയ്തു. അതേസമയം, ക്രിസ്റ്റ്യാനോയുമായി തനിക്കുള്ള വ്യക്തിബന്ധത്തെക്കുറിച്ച് തുറന്നു പറയാനും എംബാപ്പെ മടികാണിച്ചില്ല.
തന്റെ മുറിയില്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചുവച്ചിരുന്നതായി എംബാപ്പെ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. ഇപ്പോഴും ഉപദേശങ്ങളിലൂടെയും നിര്‍ദേശങ്ങളിലൂടെയും ക്രിസ്ററ്യാനോ തന്നെ സഹായിക്കാറുണ്ടെന്ന് എംബാപ്പെ പറയുന്നു.

Comments: