
യൂറോ 2024 ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഇനി നൂറു ദിവസത്തില്‍ താഴെ മാത്രം. പങ്കെടുക്കാനുള്ള 24 ടീമുകളില്‍ 21 എണ്ണവും യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു ~ യോഗ്യതാ റൗണ്ട് കളിച്ച 20 ടീമുകളും, ആഥിഥേയരെന്ന നിലയില്‍ ജര്‍മിയും. സ്കോട്ട്ലന്‍ഡ്, ഹംഗറി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ് ജര്‍മനിയുടെ ഗ്രൂപ്പിലുള്ള മറ്റു ടീമുകള്‍.
ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങള്‍ക്കായി 12 രാജ്യങ്ങള്‍ ഇപ്പോഴും മത്സരരംഗത്തുണ്ട്. പോളണ്ട്, എസ്റ്റോണിയ, വെയില്‍സ്, ഫിന്‍ലാന്‍ഡ്, ബോസ്നിയ ഹെര്‍സഗോവിന, ഇസ്രയേല്‍, ഐസ്ളന്‍ഡ്, യുക്രെയിന്‍, ജോര്‍ജിയ, ലക്സംബര്‍ഗ്, ഗ്രീസ്, കസാക്കിസ്ഥാന്‍ എന്നിവരാണ് പ്ളേഓഫ് കടമ്പ കടന്ന് ടൂര്‍ണമെന്റ് കളിക്കാമെന്നു പ്രതീക്ഷിച്ചിരിക്കുന്നത്.
നാല് ടീമുകള്‍ വീതമുള്ള ആറു ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ വീതം മുന്നേറും. കൂടാതെ, ഏറ്റവും മികച്ച നാല് മൂന്നാംസ്ഥാനക്കാരും. അങ്ങനെ നോക്കൗണ്ട് റൗണ്ട് തുടങ്ങുമ്പോള്‍ 16 ടീമുകളുണ്ടാകും.
നിലവില്‍ ഫിഫ റാങ്കിങ്ങില്‍ പതിനാറാമതാണ് ആതിഥേയരായ ജര്‍മനി. ലോകകപ്പ് ജേതാവായ കോച്ച് ജോവാഹിം ലോയുടെ അവസാന കാലത്തും തുടര്‍ന്ന് ഹാന്‍സി ഫ്ളിക്കിന്റെ പരിശീലന കാലത്തുമാണ് ഇത്രയും കടുത്ത തിരിച്ചടി ടീം നേരിട്ടത്. 2014ല്‍ ലോക ചാംപ്യന്‍മാരായ ജര്‍മനി അതിനു ശേഷം കുത്തനെ താഴേക്കു പോകുകയായിരുന്നു. 2018, 2022 ലോകകപ്പുകളില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 2020 യൂറോയില്‍ ഇഗ്ളണ്ടിനോടു പ്രീക്വാര്‍ട്ടറില്‍ തോറ്റു.
കഴിഞ്ഞ സെപ്റ്റംബറില്‍ ജൂലിയന്‍ നഗെല്‍സ്മാന്‍ ടീമിന്റെ ചുമതല ഏറ്റെടുത്തു. യുഎസ്എയെ തോല്‍പ്പിച്ചപ്പോള്‍ പ്രതീക്ഷ വീണ്ടും ഉയര്‍ന്നു. എന്നാല്‍, അടുത്ത കളിയില്‍ മെക്സിക്കോയോട് സമനില വഴങ്ങി. അടുത്ത രണ്ടു കളിയില്‍ തുര്‍ക്കിയോടും അതിനടുത്ത കളിയില്‍ ഓസ്ട്രിയയോടും തോറ്റു.
പ്രതിഭകളുടെ കുറവല്ല ജര്‍മനിയെ വലയ്ക്കുന്നത് എന്നത് സ്പഷ്ടമാണ്. ലിയോണ്‍ ഗോരെറ്റ്സ്കയും ജോഷ്വ കിമ്മിച്ചുമെല്ലാം ഫോമില്ലാതെ ബുദ്ധിമുട്ടുന്നു. സീനിയര്‍ താരം ടോണി ക്രൂസിന്റെ തിരിച്ചുവരവിലാണ് ഇനി പ്രതീക്ഷ. യൂറോയ്ക്കു മുന്‍പ് ഫ്രാന്‍സിനെയും നെതര്‍ലന്‍ഡ്സിനെയും നേരിടുമ്പോള്‍ പഴയ ജര്‍മനിയുടെ തിരിച്ചുവരവ് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം, ആതിഥേയ ടീമിന്റെ വിജയ വരള്‍ച്ചയൊന്നും ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങളെ ബാധിച്ചിട്ടില്ല. 2006ലെ ലോകകപ്പിലേതിനു സമാനമായ ഫുട്ബോള്‍ ആവേശം രാജ്യമാകെ പടര്‍ന്നുകഴിഞ്ഞു. പഴയ താരം ഫിലിപ് ലാം ആണ് ടൂര്‍ണമെന്റ് ഡയറക്റ്റര്‍ എന്ന നിലയില്‍ എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത്.

Comments: