
സ്ററുട്ട്ഗര്‍ട്ട്: അന്താരാഷ്ട്ര ഫുട്ബോളിലെ തന്റെ അവസാന മത്സരം യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആയിരിക്കണമെന്ന് ജര്‍മന്‍ വെറ്ററന്‍ തോമസ് മുള്ളര്‍ ആഗ്രഹിച്ചിരിക്കില്ല. പക്ഷേ, സ്പെയിനോടു തോറ്റ് ടീം പുറത്തായതോടെ മുള്ളര്‍ തന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞെന്നു വേണം കരുതാന്‍.
യൂറോ കപ്പോടെ ബൂട്ടഴിക്കുമെന്ന പ്രഖ്യാപനം മുള്ളര്‍ നേരത്തേ തന്നെ നടത്തിയിരുന്നതാണ്. യൂറോ കപ്പില്‍ ജര്‍മനിക്ക് ഇനി മത്സരങ്ങള്‍ ശേഷിക്കാത്ത സാഹചര്യത്തില്‍ ആ ബൂട്ട് ഇനി ശബ്ദിക്കില്ലെന്നേ കരുതാനാവൂ. അല്ലെങ്കില്‍, ഇതിഹാസ താരത്തിന് ഒരു വിടവാങ്ങല്‍ മത്സരം ജര്‍മനി ഒരുക്കേണ്ടിവരും.
പ്രായോഗികമായി നോക്കിയാല്‍ ഇതു തന്റെ അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു എന്നാണ് മത്സരശേഷം മുള്ളറും പറഞ്ഞത്. ദേശീയ ടീം പരിശീലകനുമായി സംസാരിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മുള്ളര്‍.
2010 മാര്‍ച്ചിലായിരുന്നു ജര്‍മന്‍ ജഴ്സിയില്‍ തോമസ് മുള്ളറുടെ അരങ്ങേറ്റം. അര്‍ജന്റീനക്കെതിരായ ആ സൗഹൃദ മത്സരത്തില്‍ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ടിരുന്നു. തുടര്‍ന്നിങ്ങോട്ട് ആകെ 131 മത്സരങ്ങളില്‍ 45 ഗോള്‍ മുള്ളറുടെ വകയായുണ്ട്. ജര്‍മന്‍ ഗോള്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനം.
2014ലെ ലോകകപ്പ് നേട്ടം തന്നെയാണ് മുള്ളറുടെ കരിയറിലെ ഏറ്റവും വലിയ ഖ്യാതി. അന്നത്തെ ടീമിലുണ്ടായിരുന്നവരില്‍ ഇപ്പോഴും ജര്‍മന്‍ ജഴ്സിയില്‍ തുടരുന്നത് മുള്ളറും ഗോള്‍ കീപ്പര്‍ മാന്വല്‍ ന്യൂയറും മാത്രമാണ്.

Comments: